കളമശേരി
നാട്ടുകാരുടെ ചിരകാല ആഗ്രഹമായിരുന്ന കങ്ങരപ്പടിയിലെ മിനി സ്റ്റേഡിയം ജനകീയ ആഘോഷമായി വ്യവസായമന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു. മന്ത്രിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒന്നേകാൽ കോടി രൂപ ചെലവഴിച്ചാണ് മിനി സ്റ്റേഡിയം പൂർത്തിയാക്കിയത്. സിപിഐ എം നേതാവായിരുന്ന പി മണികണ്ഠൻ പ്രസിഡന്റായിരിക്കെ 1985–- 90ൽ കളമശേരി പഞ്ചായത്ത് വാങ്ങിയ 1.30 ഏക്കറിൽ അങ്കണവാടിക്ക് നൽകിയതിന്റെ ബാക്കി 1.25 ഏക്കറിലാണ് സ്റ്റേഡിയം നിർമിച്ചത്. പ്രദേശവാസികളുടെ ആഗ്രഹം വാർഡ് കൗൺസിലർ കെ കെ ശശി മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് സ്റ്റേഡിയം യാഥാർഥ്യമായത്. 1980 ചതുരശ്രമീറ്ററില്‍ ഫ്ലഡ്‌ലൈറ്റ് സൗകര്യത്തോടെ ഫുട്ബോൾ ഗ്രൗണ്ട് തയ്യാറാക്കി. സ്റ്റേഡിയത്തിനു ചുറ്റുമായി വാക്‌വേയും ഒരു ഓപ്പൺ ജിമ്മും നിർമിച്ചിട്ടുണ്ട്. 517 ചതുരശ്രയടി വലിപ്പമുള്ള സ്റ്റേജും മേൽക്കൂരയും നിർമിച്ചു. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേകം ഗ്രീൻറൂം, ശുചിമുറികൾ എന്നിവയുമുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി. ഒളിമ്പ്യൻ മേഴ്സി കുട്ടൻ മുഖ്യാതിഥിയായി. ഡിപിസി അംഗം ജമാൽ മണക്കാടൻ, വാർഡ് കൗൺസിലർ കെ കെ ശശി, പി കെ ബേബി, കെ കെ ജിൻസൺ, പി എം ഫൈസൽ, കെ ടി പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.

