19.2 C
New York
Wednesday, April 15, 2026

Buy now

spot_img

കളമശ്ശേരിയിൽ ‘കൈ’ക്കരുത്ത് കാട്ടി ഗഫൂർ; കുന്നുകരയിൽ ആരംഭിച്ച് ടോളിൽ സമാപിച്ച റോഡ് ഷോയിൽ ജനസാഗരം

കളമശ്ശേരി: വികസന മുരടിപ്പിനെതിരെ പോർവിളിയുയർത്തിയും പിതാവ് വി.കെ ഇബ്രാഹിംകുഞ്ഞ് വെട്ടിത്തെളിച്ച വികസന വഴികളെ സാക്ഷിയാക്കിയും യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി ഇ അബ്ദുൽ ഗഫൂർ കളമശ്ശേരിയിൽ കരുത്തുറ്റ പ്രചാരണത്തിന് തുടക്കമിട്ടു. കുന്നുകരയിൽ നിന്ന് ആരംഭിച്ച് മണ്ഡലത്തിന്റെ ഹൃദയഭാഗമായ ടോൾ കവലയിൽ സമാപിച്ച റോഡ് ഷോ, കളമശ്ശേരി പിടിച്ചെടുക്കാനുള്ള യുഡിഎഫിന്റെ ആത്മവിശ്വാസത്തിന് ഊർജ്ജം പകരുന്നതായി.

വികസന മുദ്രാവാക്യമുയർത്തി തുടക്കം രാവിലെ മുതിർന്ന പൗരപ്രമുഖരെയും ഗുരുനാഥന്മാരെയും കണ്ട് അനുഗ്രഹം തേടിയാണ് ഗഫൂർ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഔദ്യോഗികമായി ഇറങ്ങിയത്. വൈകിട്ട് മൂന്ന് മണിയോടെ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വികസനത്തിന് അടിത്തറയിട്ട കുന്നുകരയിൽ നിന്ന് റോഡ് ഷോ ആരംഭിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ് പതാക വീശിയതോടെ ആവേശക്കൊടുമുടിയിലായ പ്രവർത്തകർ സ്ഥാനാർത്ഥിയെ എടുത്തുയർത്തിയാണ് തുറന്ന വാഹനത്തിലേക്ക് കയറ്റിയത്.

ജനപങ്കാളിത്തം ശ്രദ്ധേയം നിറഞ്ഞൊഴുകിയ ജനക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിച്ചെന്ന് വോട്ട് അഭ്യർത്ഥിച്ച സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയുമാണ് വോട്ടർമാർ വരവേറ്റത്. കുന്നുകരയിൽ നിന്ന് ആരംഭിച്ച് കുറ്റിയാൽ ജംഗ്ഷൻ, നോർത്ത് അടുവാശ്ശേരി, അയിരൂർ, കുത്തിയതോട്, ചാലാക്കൽ വഴി ചരിത്രപ്രസിദ്ധമായ മാഞ്ഞാലിയിലെത്തിയപ്പോൾ സ്വീകരണം ആവേശക്കടലായി മാറി.

കരുമാലൂർ, നീർക്കോട് വഴി ആലങ്ങാട് പള്ളിയിലെത്തിയ സംഘം തുടർന്ന് പടിഞ്ഞാറെ കടുങ്ങല്ലൂരിലൂടെയാണ് മുന്നേറിയത്. യുഡിഎഫിന്റെ ഉരുക്കുകോട്ടകളായ ഈ പ്രദേശങ്ങളിൽ ഓരോ കവലയിലും സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി കാത്തുനിന്നു. വ്യവസായ ഭൂമിയായ ഏലൂരിലും പാതാളത്തും എത്തിയപ്പോൾ തൊഴിലാളികളുടെ വൻ പങ്കാളിത്തം ശ്രദ്ധേയമായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾ നേരിട്ട തകർച്ചയും പ്രതിസന്ധികളും ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് ഇവിടെ വോട്ട് തേടിയത്.

വിജയപ്രതീക്ഷയിൽ യുഡിഎഫ് നഗരഹൃദയമായ സൗത്ത് കളമശ്ശേരി പിന്നിട്ട് ടോൾ കവലയിൽ സമാപിച്ച റോഡ് ഷോ, ഭരണവിരുദ്ധ വികാരം മണ്ഡലത്തിൽ ശക്തമാണെന്ന സൂചനയാണ് നൽകുന്നത്. വി കെ ഷാനവാസ്, നന്ദകുമാർ, മധു പുറക്കാട്, സിന്റ ജേക്കബ്, ടി എ മുജീബ് തുടങ്ങി കോൺഗ്രസ് – മുസ്ലിം ലീഗ് നേതാക്കളുടെ നീണ്ട നിര തന്നെ പര്യടനത്തിന് നേതൃത്വം നൽകി. അഞ്ച് വർഷത്തെ ഭരണത്തിൽ വികസനം വഴിമുട്ടിയ കളമശ്ശേരിയെ വീണ്ടെടുക്കാൻ ഗഫൂറിലൂടെ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles