കളമശേരി
മുട്ടാർ പുഴയ്ക്ക് കുറുകെ ഏലൂർ ചൗക്ക -ചേരാനല്ലൂർ പാലം നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചതായി വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു. 27.70 കോടി രൂപയുടെ പദ്ധതിയാണിത്. ഏലൂരിൽനിന്ന് ദേശീയപാതയിലേക്ക് അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന പാലം എന്ന നിലയിൽ വലിയ പ്രാധാന്യമുള്ള പദ്ധതിയാണിത്. വർഷങ്ങളായുള്ള ജനകീയാവശ്യമാണ് നിരന്തരമായ ശ്രമത്തിനൊടുവിൽ സാക്ഷാൽക്കരിക്കപ്പെടുന്നതെന്നും പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 153.24 മീറ്റർ നീളമുള്ളതാണ് നിർദിഷ്ട പാലം. ഇതിൽ 20 മീറ്റർവീതം നീളമുള്ള രണ്ട് ലാൻഡ് സ്പാനുകളും 19.85 മീറ്റർ നീളമുള്ള നാല് ലാൻഡ് സ്പാനുകളും 32.04 മീറ്റർ നീളമുള്ള മധ്യ സ്പാനുമുണ്ട്. 7.50 മീറ്റർ വീതിയുള്ള കാരിയേജ് വേയും ഇരുഭാഗത്തുമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്. പാലത്തിന്റെ ആകെ വീതി 11 മീറ്ററും മധ്യ സ്പാനിന് 12 മീറ്ററുമാണ്. ബാർജുകൾ പിയറുകളിൽ ഇടിക്കുന്നത് നിയന്ത്രിക്കാന്‍ 80 മില്ലീമീറ്റർ വ്യാസമുള്ള 16 ഫെൻഡർ പൈലുകളും നൽകും. ചേരാനല്ലൂർ ഭാഗത്ത് അപ്രോച്ച് റോഡ് ഉള്‍പ്പെടെ 329 മീറ്ററും ഏലൂർ ഭാഗത്ത് അപ്രോച്ച് റോഡ് ഉള്‍പ്പെടെ 335 മീറ്ററും നീളത്തിലുള്ള റോഡുകളും ഇരുഭാഗങ്ങളിലായി സര്‍വീസ് റോഡുകളും ഉണ്ടാകും. മണ്ണിന്റെ മോശം അവസ്ഥ കണക്കിലെടുത്ത് തെങ്ങിന്‍ പൈലുകൾ ഉപയോഗിച്ച് മണ്ണ് ബലപ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2010 ൽ പാലം നിർമിക്കണമെന്ന ആവശ്യമുയർത്തി പുഴയിൽ മനുഷ്യച്ചങ്ങല തീർത്തിരുന്നു. ഒരുഘട്ടത്തിൽ ടെൻഡർ നടപടിവരെ എത്തി, നിർമാണോദ്ഘാടനം നടത്തുകയും ചെയ്തെങ്കിലും പദ്ധതി മുടങ്ങിപ്പോയി.

