കളമശേരി
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്ന ലാബ് നടത്തിപ്പുകാർ പിടിയിൽ. കളമശേരിയിലെ എൽ ഇ വൺ ലാബ് നടത്തിപ്പുകാരായ പെരുമ്പാവൂർ നെടുമ്പുറത്ത് വീട്ടിൽ ചന്ദ്രബോസ് (55), പൂണിത്തുറ പൈനുങ്കൽ വീട്ടിൽ ഷിബി ജോസ് (51) എന്നിവരാണ് അറസ്റ്റിലായത്. വിദേശങ്ങളിലേക്കുൾപ്പെടെ വിവിധ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് ചേരുന്പോൾ ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും നിർമിച്ചുനൽകിയെന്ന പരാതിയിലാണ് അറസ്റ്റ്. ലക്കാട് മെഡിക്കൽ കോളേജിലെ മുൻ അസോസിയറ്റ് പ്രൊഫസർ ഡോ. റിബു സാം സ്റ്റീഫനാണ് പരാതി നൽകിയത്. കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ടി ദിലീഷ്, എസ്ഐ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വ്യാജസീലുകളും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നൽകിയ വ്യാജ സർട്ടിഫിക്കറ്റുകളും കണ്ടെത്തിയിരുന്നു. സ്ഥാനത്തിനുപുറത്ത് പ്രവർത്തിക്കുന്ന കമ്പനികളിലേക്കും സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. വിവിധ കമ്പനികൾ തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോൾ അവരുടെ മെഡിക്കൽ പരിശോധന നടത്തി രജിസ്ട്രേഡ് ഡോക്ടറുടെ പരിശോധനാഫലം ഉൾപ്പെടെയാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. എന്നാൽ, അപേക്ഷകരെ ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കാതെ വ്യാജ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

