കളമശ്ശേരി : കളമശ്ശേരി മുനിസിപ്പാലിറ്റി നാല്പത്തിയഞ്ചാം വാർഡിൽ വിജയം ഉറപ്പിച്ച് യു ഡി എഫ് കലാശകൊട്ട്. വാര്‍ഡ് ചുറ്റി സ്ഥാനാര്‍ത്ഥിയെ വഹിച്ചുള്ള വാഹന യാത്രയില്‍ നിരവധിപ്പേരാണ് അണിനിരന്നത്. കവലകള്‍ മുദ്രാവാക്യം വിളികളാലും ഉച്ചഭാഷിണികളാലും മുഖരിതമായി. കൂറ്റന്‍ പതാകകളും സ്ഥാനാര്‍ത്ഥിയുടെ കട്ടൗട്ടറുകളുമായെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ തെരുവുകള്‍ കൈയടക്കി. ഉച്ചയോടെ തന്നെ ബൈക്കുകളിലും ചെറുവാഹനങ്ങളിലും കൊടി കെട്ടി പ്രവര്‍ത്തകര്‍ വാർഡിന്റെ തെരുവുകളില്‍ എത്തിക്കൊണ്ടിരുന്നു. ആവേശപ്പെരുമഴയില്‍ യു ഡി എഫ് കളമശ്ശേരിയിൽ വികസനം തുടരും എന്ന ആര്‍പ്പുവിളികളോടെ യുവതീ യുവാക്കള്‍ നഗരത്തില്‍ ഇരുചക്രങ്ങളില്‍ പ്രദക്ഷിണം നടത്തി.
വിവിധ വാഹനങ്ങളിലായി കലാശക്കൊട്ടില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. ബഹുജനറാലിയോടെയുള്ള റോഡ് ഷോ തുടങ്ങിയവയും സംഘടിപ്പിച്ചാണ് ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കളമശ്ശേരിയിൽ അവസാനം കുറിച്ചത്. ഇനി നിശബ്ദ പ്രചരണത്തിന്റെ സമയങ്ങളാണ്. വോട്ട് ഉറപ്പിക്കാനും ഒരിക്കൽ കൂടി പരമാവധി വോട്ടർമാരെ നേരിൽക്കാണാനുമുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും.

