കളമശേരി: മൂലേപ്പാടത്തെ ജനകീയപ്രശ്നമായിരുന്ന വെള്ളക്കെട്ടിന് ശാശ്വതപരിഹാരമൊരുക്കാൻ വ്യവസായമന്ത്രി പി രാജീവ് മുൻകൈയെടുത്ത് സ്ഥാപിച്ച പുഷ്ത്രൂ കൽവർട്ട് ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. 30 വർഷത്തോളം പ്രദേശവാസികളെ അലട്ടിയ വെള്ളക്കെട്ട് പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. എംഎൽഎയും മന്ത്രിയുമായി ചുമതലയേറ്റശേഷം മന്ത്രി പി രാജീവിനുമുന്നിൽ വലിയ വെല്ലുവിളി ഉയർത്തിയ പ്രശ്നമാണ് ഇതോടെ പരിഹാരം കാണുന്നത്. ജില്ലാഭരണകേന്ദ്രം, ദേശീയപാത അതോറിറ്റി, റെയിൽവേ, പൊതുമരാമത്ത്, റവന്യുവകുപ്പുകൾ, നഗരസഭ എന്നിവയെ കോർത്തിണക്കി സമഗ്രപദ്ധതി ആവിഷ്‌കരിച്ചാണ് പരിഹാരമൊരുക്കിയത്.
35 കോടി രൂപയാണ് നിർമാണച്ചെലവ്. മൂന്നരമീറ്റർ വീതം ഉയരവും വീതിയും 60 മീറ്റർ നീളവുമുള്ള ചതുരാകൃതിയിലുള്ള പൈപ്പാണ് ബോക്സ് കൽവർട്ട്. ഏഴരമീറ്റർ നീളമുള്ള കോൺക്രീറ്റ് ബോക്സുകൾ ഒന്നിനുപിറകെ മറ്റൊന്നായി യോജിപ്പിച്ചാണ് കൽവർട്ട് നിർമിച്ചത്. പ്രത്യേകയന്ത്രങ്ങൾ എത്തിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. കൽവർട്ട് നിർമിക്കാൻ നിർദേശിക്കപ്പെട്ട സ്ഥലത്തിന് സമീപം ഗ്യാസ് പൈപ്പ്‌ലൈൻ കടന്നുപോകുന്നതിനാൽ സംയുക്ത പരിശോധന നടത്തി പരിഹാരം കണ്ടു. ഇങ്ങനെ ഒട്ടേറെ കടമ്പകൾ കടന്നാണ് നിർമാണം പൂർത്തിയാക്കിയത്.
തുടർന്ന് റെയിൽവേ ലൈനിന് അടിയിലൂടെ കൽവർട്ട് നിർമാണത്തിന് റെയിൽവേ 1.40 കോടി രൂപ അനുവദിച്ചു. നിലവിലുള്ള പൈപ്പ് കൽവർട്ടിനുപകരമായി ബോക്സ് കൽവർട്ട് നിർമിക്കുന്നതാണ് പദ്ധതി. ഇതിനുള്ള അനുമതി ഉടനെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സാലീസ് റോഡ്, മൂലേപ്പാടത്ത് നേരത്തേയുണ്ടായിരുന്ന തോട് എന്നിവ പുനഃസ്ഥാപിക്കുന്നതിനായി പ്രദേശത്ത് സർവേ നടത്തിയിട്ടുണ്ട്. തോടിന്റെ വീതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നഗരസഭയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

