കളമശേരി; ദക്ഷിണേന്ത്യൻ സര്‍വകലാശാലകളിലെ ഏറ്റവും വലിയ ഹൈബ്രിഡ് ഹൈപെര്‍ഫോമന്‍സ് കംപ്യൂട്ടിങ് (എച്ച്പിസി) സംവിധാനം ‘തേജസ്വി’ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ആധുനിക ഗവേഷണത്തിന് കൃത്യതയും വേഗവുമുള്ള ഫലം ലഭിക്കാൻ ഏറെ സഹായിക്കുന്നതാണ് എച്ച്പിസി കംപ്യൂട്ടിങ് സംവിധാനം.‘തേജസ്വി’ പേരിൽ എച്ച്പിസി സംവിധാനം ഹ്യൂലറ്റ് പാക്കാര്‍ഡ് എന്റര്‍പ്രൈസും സ്റ്റാര്‍വണ്‍ ഐടി സൊല്യൂഷന്‍സും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത് കുസാറ്റ് സെന്റർ ഫോർ ഇന്‍ഫര്‍മേഷൻ റിസോഴ്സ് മാനേജ്മെന്റിലാണ് (സിഐആർഎം) സ്ഥാപിച്ചത്. ക്ലൈമറ്റ് മോഡലിങ്, കംപ്യൂട്ടേഷണൽ എൻജിനിയറിങ്, ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് ഉപകരിക്കും. സംസ്ഥാന സര്‍ക്കാർ കിഫ്ബി വഴി സർവകലാശാലയ്‌ക്ക് അനുവദിച്ച 230 കോടി രൂപയിൽ 26 കോടി രൂപ ഉപയോഗിച്ചാണ് തേജസ്വി സ്ഥാപിച്ചത്. കിഫ്ബി അനുവദിച്ച 118 കോടി ചെലവിലാണ് അതിനൂതന ഗവേഷണ ഉപകരണങ്ങള്‍ വാങ്ങിയത്. കുസാറ്റ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്‍റ്സ് ഫെസിലിറ്റി (കുസാറ്റ് അപഗ്രഥന ഉപകരണ സൗകര്യം) എന്ന ഏകീകൃത സംവിധാനവും ഒരുക്കി. അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഗവേഷണ ഉപകരണങ്ങളുടെ ഉപയോഗം ലഭ്യമാക്കാനാകും. വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷനായി. സിഐആർഎം ഡയറക്ടർ ഡോ. ജി സന്തോഷ് കുമാർ, സിൻഡിക്കേറ്റ് അംഗം ശശി ഗോപാലൻ, ഡോ. പി ജി ശങ്കരൻ, രജിസ്ട്രാർ ഡോ. എ യു അരുൺ, ഗിരീഷ് കുമാർ, ഡോ. ശിവാനന്ദൻ ആചാരി, ഡോ. എൻ മനോജ് എന്നിവർ സംസാരിച്ചു.

