കളമശേരി
പിഴല പൊക്കാളിപ്പാടത്ത് അരയോളം വെള്ളത്തിലിറങ്ങി കതിര് കൊയ്യാൻ കളമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെത്തി. നാഷണൽ സർവീസ് സ്കീം യൂണിറ്റ് അംഗങ്ങളാണ് കൊയ്ത്തുത്സവം ആഘോഷമാക്കാനെത്തിയത്. കൊയ്ത്തുത്സവം കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. പിഴല നെല്ലുൽപ്പാദക പാടശേഖര സമിതി പ്രസിഡന്റ് ഇ ഡി ജോസഫിന്റെ 30 ഏക്കർ പൊക്കാളിപ്പാടത്താണ് കൊയ്ത്തുത്സവം നടത്തിയത്. പൊക്കാളി നെല്ലിന്റെ ഗുണമേന്മ, പാടശേഖരം സംരക്ഷിക്കുന്ന രീതി, കൃഷി എന്നിവ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ട്രീസ മാനുവൽ, കൃഷി ഓഫീസർ എസ് അനൂപ്, അധ്യാപകരായ കെ മിനി, സാറാ ബാബു, പി ആർ സുനിത കുമാരി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിനോയ് കെ ചക്കേരി എന്നിവർ സംസാരിച്ചു.

