കളമശേരി
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച മൂല്യങ്ങൾ കൈയൊഴിഞ്ഞ കോൺഗ്രസ്, ഇടതുപക്ഷത്തിനെതിരെ കള്ളക്കഥകൾ മെനഞ്ഞ് ആക്രമിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. സിപിഐ എം കളമശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എം എം ലോറൻസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഇടതുപക്ഷമാണ് ഏറ്റെടുക്കുന്നത്. കമ്യൂണിസ്റ്റ് പാർടി തൊഴിലാളിവർഗ രാഷ്ട്രീയം ഏറ്റെടുത്താണ് ജന്മിത്ത കേരളത്തെ നവകേരളമാക്കിയത്. സർവമേഖലയിലും മുന്നേറിയ കേരളത്തെ പിന്നോട്ടടിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ബിജെപി നേതൃത്വം ഗവർണറെയടക്കം ഉപയോഗിച്ച് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് കളമശേരിയിൽ നടന്ന അനുസ്മരണ യോഗത്തിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം എ എം യൂസഫ് അധ്യക്ഷനായി. ജില്ല സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, ഏരിയ സെക്രട്ടറി കെ ബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

