കവളങ്ങാട്: ആന്റണി ജോൺ എംഎൽഎയുടെ ശ്രമഫലമായി കുടമുണ്ട പാലത്തിന്റെ അപ്രോച്ച് റോഡ് യാഥാർഥ്യമാകുന്നു. അടിവാട് – കുത്തുകുഴി റോഡിലെ കുടമുണ്ടയിൽ കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ജലസേചന വകുപ്പ് 2016ൽ നിർമിച്ച കുടമുണ്ട ചെക്ക് ഡാം കം ബ്രിഡ്‌ജിന്റെ അപ്രോച്ച് റോഡ് നിർമാണമാണ് ആരംഭിച്ചിരിക്കുന്നത്. കവളങ്ങാട് ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണി നേരത്തേ പൂർത്തീകരിച്ചിരുന്നു. എന്നാൽ, വാരപ്പെട്ടി ഭാഗത്തെ നിർമാണസമയത്ത് സ്ഥലം കൈയേറി എന്ന് ആരോപിച്ച് റോഡിനോടുചേർന്ന ഭാഗത്തെ സ്ഥലമുടമ കോടതിയെ സമീപിച്ചതിനാൽ നിർമാണം തടസ്സപ്പെടുകയായിരുന്നു. കുടമുണ്ടയിലെ പഴയപാലത്തിൽ ചെറിയ മഴയത്തുപോലും വെള്ളം കയറുന്നതുമൂലം ഗതാഗതം തടസ്സപ്പെട്ടിരുന്നു. പുതിയ പാലത്തിലൂടെയുള്ള ഗതാഗതം സാധ്യമാക്കുന്നതിനായി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളെ തുടർന്ന് സ്ഥലം വിട്ടുനൽകാൻ ഉടമ തയ്യാറാകുകയും കേസ് പിൻവലിക്കുകയും ചെയ്തു. സ്ഥലപരിശോധനയിൽ 25 സെന്റ് സ്ഥലം അളന്നുതിട്ടപ്പെടുത്തി റോഡിനായി ലഭ്യമാക്കി. എന്നാൽ, സുഗമമായ വാഹനഗതാഗതത്തിന് ഈ സ്ഥലം അപര്യാപ്തമാണെന്ന് ബോധ്യമായതോടെ 3.57 സെന്റ് സ്ഥലംകൂടി ഉടമ വിട്ടുനൽകി. തുടർന്ന് അപ്രോച്ച് റോഡിന്റെ നിർമാണത്തിന് എംഎൽഎ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ അനുവദിച്ച് ജലസേചന വകുപ്പ് ടെൻഡർ നടപടി പൂർത്തിയാക്കി. അപ്രോച്ച് റോഡിന്റെ നിർമാണോദ്ഘാടനം എംഎൽഎ നിർവഹിച്ചു. കോതമംഗലം നഗരസഭ അധ്യക്ഷൻ കെ കെ ടോമി അധ്യക്ഷനായി. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, എ എ രമണൻ, എം എം ബക്കർ, പി കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

