കളമശേരി: കളമശേരി മണ്ഡലത്തിലെ കൃഷിയിടങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾ വീടുകളിലും ഫ്ലാറ്റുകളിലുമെത്തിക്കാൻ പ്രത്യേക വിപണന വാഹനം നിരത്തിലിറക്കി. കളമശേരി ചങ്ങമ്പുഴ നഗറിൽ മന്ത്രി പി രാജീവ് ഫ്ലാഗ്‌ഓഫ് ചെയ്‌തു. മണ്ഡലത്തിൽ മന്ത്രി നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളി വടക്കുംഭാഗം സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ‘കൃഷിയിടത്തിൽനിന്ന് തീൻമേശയിലേക്ക്’ വാഹനം നിരത്തിലിറക്കിയത്. കൃഷിയിടങ്ങളിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന പഴവർഗങ്ങൾ, പച്ചക്കറികൾ വിവിധ സഹകരണ സംഘങ്ങൾ പുറത്തിറക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ, പാൽ, മുട്ട തുടങ്ങിയവയാണ് വിൽപ്പനക്കെത്തിക്കുക. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലക്ക് നേരിട്ട് എത്തിക്കുകയാണ് യൂണിറ്റിന്റെ ലക്ഷ്യം. മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും വ്യത്യസ്‌ത ദിവസങ്ങളിൽ വാഹനമെത്തും. ദിവസം രണ്ടുതവണയാണ് വാഹനത്തിന്റെ ഷെഡ്യൂൾ. രാവിലെ എട്ടോടെ ഫ്ലാറ്റുകൾ, റസിഡന്റ്‌സ് അസോസിയേഷന്റെ തെരഞ്ഞെടുത്ത കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെത്തും. 11 വരെയാണ് വിതരണം. പകൽ മൂന്നുമുതൽ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വിൽപ്പനക്കെത്തിക്കുന്നതാണ് രണ്ടാമത്തെ ഷെഡ്യൂൾ. വിളകളുടെ ഉൽപ്പാദനം വർധിപ്പിക്കാനും ക്രമീകരിക്കാനുമായി കൃഷിവകുപ്പിന്റെ സഹായത്തോടെ കാർഷിക കലണ്ടർ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ നഗരസഭാ കൗൺസിലർ വാണീ ദേവി അധ്യക്ഷയായി. സംഗീതസംവിധായകൻ അൽഫോൻസ്, വി എം ശശി, എം പി വിജയൻ തുടങ്ങിയവർ സംസാരിച്ചു.

