ആലങ്ങാട്:കേരളത്തിലെ ആദ്യത്തെ ‘വർക്ക് നിയർ ഹോം’ കേന്ദ്രം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചെന്ന് മന്ത്രി പി രാജീവ്. മന്ത്രി കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്കില്ലിംഗ് കളമശ്ശേരി യൂത്ത്’ (സ്കൈ) പദ്ധതിയുടെ ഭാഗമായാണ് വർക്ക് നിയർ ഹോം യാഥാർഥ്യമായത്. വർക്ക് ഫ്രം ഹോം ആയോ ഫ്രീലാൻസ് ആയോ പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സഹായകരമാകുന്ന വിധത്തിൽ വീടിനടുത്ത് തന്നെ പ്രൊഫഷണൽ ആംബിയൻസ്, ലാപ്‌ടോപ്പ്, വൈഫൈ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരു കെട്ടിടത്തിനുള്ളിൽ ഒരുക്കി സമാധാനപരമായ തൊഴിൽ സാഹചര്യം ഒരുക്കുന്ന സംവിധാനമാണ് വർക്ക് നിയർ ഹോം.ഐടി, ഐടി അനുബന്ധ മേഖലകളിലെ ജീവനക്കാർക്കും, ഫ്രീ ലാൻസ് പ്രൊഫഷണലുകൾക്കും മറ്റ് വൈജ്ഞാനിക തൊഴിലാളികൾക്കും ദീർഘദൂര യാത്ര ഒഴിവാക്കി വീടിനടുത്ത് ജോലി ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രൊഫഷണലുകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അത്യാധുനിക സൗകര്യങ്ങൾ, അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി, തടസ്സമില്ലാത്ത വൈദ്യുതി, കോൺഫറൻസ് റൂം, വ്യക്തിഗത ജോലിസ്ഥലം, കഫറ്റീരിയ, സി.സി.ടി.വി തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും കേന്ദ്രത്തിലുണ്ടെന്ന് മന്ത്രി അറിയിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ യുവജനങ്ങൾക്കാണ് ഈ കേന്ദ്രത്തിന്‍റെ പ്രയോജനം ലഭിക്കുക.

