കളമശേരി; ഷീറ്റ് കൂരക്കുള്ളിൽ, നല്ല വീട് സ്വപ്നത്തിൽപ്പോലുമില്ലാതെ കഴിയുന്ന നിസ്സഹായകുടുംബങ്ങൾ സുരക്ഷിതവീടിന്റെ സ്നേഹത്തണലിലേക്ക് കരേറുകയാണ്. കളമശേരി നിയോജകമണ്ഡലത്തിലെ വിധവകളും നിർധനരുമായ ഗൃഹനാഥകളുള്ള കുടുംബത്തിനായി വീട് നിർമിച്ചുനൽകുന്ന മന്ത്രി പി രാജീവിന്റെ സ്നേഹവീട് പദ്ധതിയിൽ ഒക്ടോബറിൽ മാത്രം അഞ്ച് വീടുകൾ പൂർത്തിയാകുന്നു. അഞ്ചാമത്തെ വീട് ആലങ്ങാട് പഞ്ചായത്തിലെ ചെങ്കൊത്തുകുന്ന് മുല്ലൂർ പരേതനായ ആന്റണിയുടെ ഭാര്യ മോളിക്കും കുടുംബത്തിനും വ്യാഴാഴ്ച കൈമാറും. പദ്ധതിയിൽ 30 വീടുകളാണ് നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ 20 വീടായിരുന്നു ലക്ഷ്യം. എന്നാൽ, ഇതിനകം 22 വീടുകളുടെ നിർമാണം തുടങ്ങി. 13 വീടുകളുടെ താക്കോൽ കൈമാറ്റവും നടന്നു. വ്യാഴാഴ്ച കൈമാറുന്ന വീട് കഴിഞ്ഞാൽ എട്ട് വീടുകൾ നിർമാണത്തിന്റെ വിവിധഘട്ടങ്ങളിലാണ്.ഓരോ വീടും കൈമാറുന്ന ചടങ്ങ് പ്രാദേശികമായി ഉത്സവഛായയിലാണ് നടത്തുന്നത്. വിവിധ സംഘടനകളും സ്ഥാപനങ്ങളും ചേർന്നാണ് എട്ടുലക്ഷം രൂപവീതം ചെലവഴിച്ച് 500 ചതുരശ്രയടിയിൽ കുറയാത്ത വിസ്തീർണമുള്ള വീടുകൾ നിർമിച്ചുനൽകുന്നത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, സിയാൽ, സുഡ്കെമി, ഇൻകെൽ എന്നിവ തുടക്കംമുതൽ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതിനിർവഹണം നടത്തുന്നത്. ഇതോടൊപ്പം മറ്റു സ്ഥാപനങ്ങളുടെ സഹായവും ഉൾപ്പെടുത്തുന്നുണ്ട്. ഒക്ടോബറിൽ മാത്രം വീട് നൽകിയത് തിരുവാല്ലൂർ വാലുങ്ങൽപറമ്പിൽ ഷീല, എരമം തച്ചൻതുണ്ടത്തിൽ സൗദ, ഏലൂർ മാട്ടപ്പുറത്ത് കാർത്തിക, കുഞ്ഞുണ്ണിക്കരയിൽ ഐഷാബീവി എന്നിവർക്കാണ്. എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കാൻ പദ്ധതികളാവിഷ്കരിച്ച് നടപ്പാക്കുന്ന മന്ത്രി പി രാജീവിന്റെ, ഏറെ പ്രശംസിക്കപ്പെട്ട പദ്ധതിയാണ് സ്നേഹവീട്.

